ക്ഷേത്ര ഐതീഹ്യം
കാലങ്ങൾക്ക് മുൻപ് ഏതോ ഒരു ശിശിരത്തിൽ മറ്റൊരു നാട്ടിൽ നിന്നും ഒരു മുത്തശ്ശി വിലങ്ങറ ദേശത്ത് എത്തി. വല്ലാതെ വിശന്ന് തളർന്ന മുത്തശ്ശി കുറച്ച് താഴെ കാട് മൂടിയ മയിലുകൾ നൃത്തമാടുന്ന കുഴിയുള്ള സ്‌ഥലം കണ്ടു.
വിശപ്പ് അടക്കുന്നതിനുള്ള കാട്ട് കിഴങ്ങ് അവിടെ ഉണ്ടാകും എന്ന പ്രതീക്ഷയിൽ തൻ്റെ കയ്യിലുള്ള കൊയ്‌ത്‌ അരിവാൾ കൊണ്ട് ആ സ്ഥ‌ലമാകെ പരതി നോക്കി. പൊടുന്നനെ ആ കൊയ്തരിവാൾ ഒരു കല്ലിൽ കൊള്ളുകയും അവിടെ നിന്നും ചോര ചിന്തുകയുമുണ്ടായി. മുത്തശ്ശി ചേറ് മാറ്റി നോക്കുമ്പോൾ അതൊരു സുബ്രഹ്മണ്യ വിഗ്രഹമാണ് എന്ന് കണ്ടു.
'*കുഴിയിൽ തേവരോ'* എന്ന വിളിയോടെ മുത്തശ്ശി കുറേ ദൂരം ഓടി ഈ വിവരം അവിടുള്ള ഒരു ബ്രാഹ്മണ മഠത്തിൽ അറിയിച്ചു. ദേവപ്രശ്‌നം നടത്തിയപ്പോൾ താരകാസുര നിഗ്രഹത്തിന് ശേഷമുള്ള ഉഗ്രകോപഭാവത്തിലുള്ള ശ്രീ സുബ്രഹ്മണ്യ ചൈതന്യമുള്ള ആ വിഗ്രഹം കിഴക്ക് ദർശനമായി അവിടെ പ്രതിഷ്ഠിക്കണമെന്ന് വിധിയുണ്ടാകുകയും ശ്രീ മഹാവിഷ്ണു‌വിനെ സുബ്രഹ്മണ്യ സ്വാമിക്ക് അഭിമുഖമായി നിർത്തി ആചാര വിധി പ്രകാരം ദേവസേനാപതിയുടെ പ്രതിഷ്ഠ നടത്തുകയുമുണ്ടായി. കുഴിയിലെ തേവരെന്ന് ആ മുത്തശ്ശി ആദ്യം വിളിച്ച പേര് കാലാന്തരത്തിൽ തൃക്കുഴിയൂർ എന്ന പേരിൽ ചരിത്രത്തിലിടം കൊണ്ടു. ദേവശില കണ്ടടുത്ത ആ മുത്തശ്ശി ഭഗവാന് നേർ കിഴക്കുള്ള വലിയമാടം കാവിൽ ലയിച്ചു ചേർന്നു. ആ സവിധം പിന്നീട് വലിയമാടം അമ്മൂമ്മക്കാവ് എന്ന് അറിയപ്പെടുകയുണ്ടായി. വലിയമാടം അമ്മൂമ്മക്കാവ്, കീഴൂട്ട് ക്ഷേത്രമായ ശ്രീ ഇണ്ടിളയപ്പൻ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെ ദർശനം കൂടി ചേരുമ്പോൾ മാത്രമേ ഒരു വിലങ്ങറ ക്ഷേത്ര ദർശനം പൂർത്തിയാകു കയുള്ളൂ..